ഇലവർഗങ്ങളില്‍ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില. നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില. കൂടാതെ പ്രോട്ടീൻ, കാത്സ്യം, അയേണ്‍, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. പല രോഗങ്ങളും ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്.
നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം. ഇതിനായി വെള്ളത്തില്‍ മുരിങ്ങയില ഇട്ട് കുടിക്കുന്നതും നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ മറ്റും ധാരാളം അടങ്ങിയ മുരിങ്ങയില രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും മുരിങ്ങയില ഗുണം ചെയ്യും. അതിനാല്‍ ദിവസവും ഊണിനൊപ്പം മുരിങ്ങയില തോരന്‍ കഴിക്കുന്നത് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവർ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്‍റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്താം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഗർഭം അലസി പോകാൻ സാധ്യതയുള്ളതിനാൽ ഗർഭിണികൾ ആദ്യ മാസങ്ങളിൽ മുരിങ്ങയില കഴിക്കാൻ പാടില്ല എന്നാൽ ഇത് ഗർഭം അലസിപ്പിക്കാനുള്ള വഴിയാണെന്ന് തെറ്റിദ്ധരിക്കരുത്