പപ്പായയിലെ പപ്പെയ്ൻ ഗർഭാശയസങ്കോചനത്തിനു കാരണമാകുക വഴി പ്രസവം നേരത്തെ ആകുകയോ ഗർഭമലസലിനു കാരണമാകുകയോ ചെയ്യാം എന്നതിനാൽ ഗർഭിണികളും പപ്പായ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ഉപവാസം അല്ലെങ്കിൽ നോമ്പ് പകൽ അവസാനിപ്പിക്കുമ്പോൾ കഴിക്കാൻ പറ്റിയ മികച്ച പഴങ്ങളിലൊന്നാണ് പപ്പായ. ഭക്ഷണം കഴിച്ച് 12 മണിക്കൂർ ഇടവേളയിൽ കഴിക്കുമ്പോൾ ഇത് ശരീരസംവിധാനത്തെയാകെ ക്രമേണ ഉണർത്തിക്കൊണ്ടുവരും. മാത്രമല്ല ഉപാപചയപ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും. പപ്പായയിൽ പപ്പെയ്ൻ എന്ന എൻസൈം ഉണ്ട്. ഇത് ഭക്ഷണത്തെ വളരെവേഗം വിഘടിപ്പിക്കാൻ സഹായിക്കും. ഭക്ഷണം കിട്ടാതിരിക്കുന്ന ശരീരം വളരെ വേഗം ഇത് ആഗിരണം ചെയ്യും. പ്രോട്ടീനുകളുടെ വിഘടനം വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ ഇൻഫ്ലമേഷൻ കുറയ്ക്കാനും പപ്പായ സഹായിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയ പപ്പായയിൽ വൈറ്റമിൻസി,എ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും ഉണ്ട്. ഇത് ശരീരത്തിന്റെ ഊർജനില ഉയർത്തുന്നു. കാലറി വളരെ കുറഞ്ഞഫലം ആയതിനാൽ, ഉപവാസശേഷം പപ്പായ കഴിക്കുമ്പോൾ ഹെവി ആയി തോന്നില്ല. എന്നാൽ നാരുകൾ ധാരാളം അടങ്ങിയതിനാൽത്തന്നെ അമിതമായി കഴിക്കാനും കഴിയില്ല. ജലാംശം ധാരാളം അടങ്ങിയതിനാൽ ദഹനവ്യവസ്ഥയുടെ പ്രവർത്തനങ്ങളും വേഗത്തിലാക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജലീകരണം തടയാനും പപ്പായ കഴിക്കുന്നതിലൂടെ സാധിക്കുന്നു.
വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത് ഗ്യാസ്ട്രബിള്‍, വയറു കമ്പിക്കൽ തുടങ്ങിയ ദഹനപ്രശ്നങ്ങളെ തടയുന്നു. പപ്പായയിൽ അടങ്ങിയ മറ്റൊരു എൻസൈം ആയ കൈമോപപ്പെയ്ൻ (Chymopapain), ഇൻഫ്ലമേഷൻ തടയുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയ ഫോളിക് ആസിഡും അയണും വിളർച്ച തടയുകയും ക്ഷീണം അകറ്റുകയും ചെയ്യുന്നു. വൈറ്റമിൻ എയുടെ മികച്ച ഉറവിടമാണ് പപ്പായ. ശ്വാസകോശത്തിലെ ഇൻഫ്ലമേഷൻ തടയാനും ഇത് സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക്
പ്രമേഹരോഗികൾക്കും പപ്പായ മികച്ചതാണ്. ഗ്ലൈസെമിക് ഇൻഡക്സ് അധികമില്ലാത്ത ഫൈബര്‍ ധാരാളമുള്ള പപ്പായ, രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കി ഷുഗർനില നിയന്ത്രിക്കാൻ സഹായിക്കുന്നു. ആറാഴ്ച പപ്പായ കഴിച്ച പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായി ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഹൃദയത്തിന്
രക്തത്തിൽ ഹോമോസിസ്റ്റീനിന്റെ അളവ് നിയന്ത്രിക്കാൻ പപ്പായയിലടങ്ങിയ ഫോളേറ്റ് സഹായിക്കും. ഇതിന്റെ കൂടിയ അളവ് രക്തക്കുഴലുകൾക്ക് തകരാറുണ്ടാക്കുകയും ഹൃദ്രോഗത്തിലേക്കു നയിക്കുകയും ചെയ്യും. നാരുകൾ കൂടുതലടങ്ങിയതിനാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ ആഗിരണം തടയുകയും പൊട്ടാസ്യം രക്തപ്രവാഹം സുഗമമാക്കുകയും ചെയ്യും.
ഉപവാസസമയത്ത് പപ്പായ എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം?
ലഘുഭക്ഷണ (snacks) ങ്ങൾക്കു പകരം പപ്പായ കഴിക്കാം. കൂടാതെ സാലഡിലും സ്മൂത്തികളിലും ചേർത്തും ഉപയോഗിക്കാം. കുക്കുമ്പർ, തക്കാളി, ഉള്ളി ഇവയോടൊപ്പം സാലഡിലും പാൽ, തേൻ ഇവയോടൊപ്പം സ്മൂത്തികളിലും പപ്പായ ചേർക്കാം. പപ്പായ മുറിച്ച് ചാട്ട് മസാലയും നാരങ്ങാനീരും ചേർത്ത് രുചികരമായ ലഘുഭക്ഷണമായും കഴിക്കാം.
ആരൊക്കെ ഒഴിവാക്കണം?
നോമ്പു തുറക്കാൻ പപ്പായ ഉപയോഗിക്കുന്നത് കൊണ്ട് നിരവധി നേട്ടങ്ങൾ ഉണ്ടെങ്കിലും എല്ലാവരും പപ്പായ ഉപയോഗിച്ചു കൂടാ. ഫൈബർ ധാരാളം ഉള്ളതിനാൽ ദഹനപ്രശ്നങ്ങളായ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS), ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) ഇവയുള്ളവർ പപ്പായ ഒഴിവാക്കണം. പപ്പായയിലെ പപ്പെയ്ൻ ഗർഭാശയസങ്കോചനത്തിനു കാരണമാകുക വഴി പ്രസവം നേരത്തെ ആകുകയോ ഗർഭമലസലിനു കാരണമാകുകയോ ചെയ്യാം എന്നതിനാൽ ഗർഭിണികളും പപ്പായ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
പപ്പായയ്ക്ക് പകരം മറ്റേത് ഫലം?
ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ, സ്വീറ്റ് മെലൻ എന്നിവയും മണിക്കൂറുകൾ നീണ്ട ഉപവാസത്തിനുശേഷം കഴിക്കാവുന്നതാണ്. ഇവയിൽ വൈറ്റമിൻ സി ഉൾപ്പെടെ അവശ്യ വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശക്തി ഏകുകയും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല ഈ പഴങ്ങൾക്ക് ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയുമില്ല. നോമ്പുതുറക്കാൻ അതുകൊണ്ടു തന്നെ ഈ പഴങ്ങളും മികച്ചതു തന്നെ. പുതിനയും നാരങ്ങയും ചേർത്ത വെള്ളവും, പച്ചമാങ്ങാ ജ്യൂസും ജലാംശം നിലനിർത്താൻ സഹായിക്കും.