പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ഉത്സാഹിക്കുന്ന വാട്സ്ആപ്പ് ഇപ്പോൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ നേരിട്ട് ഇൻസ്റ്റാഗ്രാമിലേക്ക് ഷെയർ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചറും ഒരുക്കുന്നുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ അവരുടെ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പമാക്കാൻ പുതിയ സെർച്ച് ബാർ ഫീച്ചറും വാട്സ്ആപ്പിൽ വരുന്നുണ്ട്. പുതിയ ഫീച്ചർ എത്തുന്നതോടെ പേരോ, യൂസർനെയിമോ, ഫോൺ നമ്പറോ ഉപയോഗിച്ച് ആളുകളെ തിരയാൻ സാധിക്കും. ഉടൻ വരാനിരിക്കുന്ന ഈ ഫീച്ചർ ഒരു യൂസർനെയിം സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കും. തങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്താൻ താൽപര്യമില്ലാത്തവർക്ക് യൂസർ നെയിം സൃഷ്ടിക്കാം. ഈ യൂസർനെയിം ഉപയോഗിച്ച് മറ്റുള്ളവർക്ക് അയാളുമായി ബന്ധപ്പെടാൻ സാധിക്കും.
വാട്സ്ആപ്പിൽ ഒരാളെ ബന്ധപ്പെടാൻ അയാളുടെ ഫോൺ നമ്പർ ആവശ്യമായി വരുന്നില്ല. സ്വകാര്യത ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ഫീച്ചർ ഏറെ ഉപകാരപ്പടും. നമ്പർ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഭയക്കേണ്ടിവരുന്നില്ല. യൂസർനെയിം കോൺഫിഗറേഷൻ പൂർണ്ണമായും ഓപ്ഷണൽ ആണ്. അതായത് ആളുകൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം യൂസർനെയിം ക്രിയേറ്റ് ചെയ്താൽമതി.
യൂസർ നെയിം ക്രിയേറ്റ് ചെയ്യാൻ താൽപര്യമില്ലെങ്കിൽ നിലവിലെ രീതിയിൽ ഫോൺ നമ്പർ തന്നെ ഉപയോഗിച്ചും മുന്നോട്ട് പോകാം. ഇതിൽ തീരുമാനം എടുക്കാനുള്ള അവകാശം ഉപയോക്താവിന് വിട്ടുനൽകും. യൂസർനെയിമിന് മേൽ ഉപയോക്താവിന് പൂർണ നിയന്ത്രണം ഉണ്ടാകും. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും തങ്ങളുടെ യൂസർനെയിം സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ മാറ്റംവരുത്താനോ ഉള്ള ഓപ്ഷനും ഉണ്ടാകും.