കാര്‍ ദീര്‍ഘകാലം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കേണ്ട ചില ഡ്രൈവിംഗ് ശീലങ്ങളുമുണ്ട്. പ്രിയപ്പെട്ട കാറിന്റെ ദീര്‍ഘായുസ്സ് ഉറപ്പാക്കാന്‍ ഒഴിവാക്കേണ്ട പതിവ് ഡ്രൈവിംഗ് ശീലങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
കൃത്യമല്ലാത്ത മെയിന്റനന്‍സ്: ഒരു കാര്‍ വാങ്ങിയാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് നിര്‍മാതാവ് ശുപാര്‍ശ ചെയ്യുന്ന മെയിന്റനന്‍സ് ഷെഡ്യൂള്‍ പാലിക്കുകയെന്നത്. പതിവ് ഓയില്‍ മാറ്റവും പരിശോധനയുമെല്ലാം നിര്‍ബന്ധമായും ചെയ്യാന്‍ ശ്രമിക്കുക. കാറിന്റെ സര്‍വീസ് കൃത്യമാണെങ്കില്‍ വലിയ പ്രശ്‌നങ്ങളായി വരാന്‍ സാധ്യതയുള്ള കുഞ്ഞു തകരാറുകള്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ സാധിക്കും. അത് വണ്ടിക്കും പോക്കറ്റിനുമെല്ലാം ഗുണമാണ്.
കോള്‍ഡ് എഞ്ചിന്‍ റെവ് ചെയ്യല്‍: കാറിന്റെ എഞ്ചിന്‍ തണുത്തിരിക്കുന്ന വേളയില്‍ എല്ലാ പാര്‍ട്‌സുകളിലും ഓയിലിന്റെ സംരക്ഷണം ലഭിക്കണമെന്നില്ല. ഓയില്‍ എല്ലായിടത്തും സര്‍ക്കുലേറ്റ് ചെയ്യാനിടയില്ലാത്തതിനാലാണ് ഇങ്ങനെ പറയുന്നത്. ഈ സമയത്ത് എഞ്ചിന്‍ റെവ് ചെയ്യുന്നത് ബെയറിംഗുകളിലും പിസ്റ്റണുകളിലും അമിതമായ തേയ്മാനത്തിനും കാര്യമായ കേടുപാടുകള്‍ക്കും കാരണമാകും. എഞ്ചിന്‍ പണിയുടെ ചെലവിനെ കുറിച്ച് നിങ്ങള്‍ക്ക് ധാരണയുണ്ടാകുമെന്ന് ചിന്തിക്കുന്നു. അതുകൊണ്ട്. വണ്ടി ഓടിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് 1 മിനിറ്റ് സമയം എഞ്ചിന് കൊടുക്കുക.
കൈ ഗിയര്‍ ലിവറില്‍ വെക്കുക:വണ്ടിയോടിക്കുമ്പോള്‍ ഒരു കൈക്ക് ഗിയര്‍ ലിവറിന് മുകളില്‍ വിശ്രമമനുവദിക്കുന്ന ചിലരെ കാണാറുണ്ട്. പ്രത്യക്ഷത്തില്‍ ഇത് നിരുപദ്രവകരമാണെന്ന് തോന്നാം. എന്നാല്‍ ഈ പ്രവര്‍ത്തി ട്രാന്‍സ്മിഷനില്‍ അനാവശ്യ പ്രഷര്‍ ചെലുത്തുകയും ഇത് കേടുപാടുകളിലേക്ക് നയിക്കുകയും ചെയ്യും. നിരന്തരമായ ചലനം ഗിയര്‍ ഷിഫ്റ്ററുകളുടെ ട്യൂണിംഗിലും മാറ്റം വരുത്തിയേക്കാം. ഗിയര്‍ബോക്‌സ് പാര്‍ട്‌സുകളുടെ അറ്റകുറ്റപ്പണിയിലേക്കും ഈ പ്രവര്‍ത്തി നയിച്ചേക്കാം.
ക്ലച്ചിന് മുകളില്‍ കാല്‍ വെക്കുക: ഗിയര്‍ ഷിഫ്റ്ററില്‍ കൈകള്‍ക്ക് റെസ്റ്റ് കൊടുക്കുന്ന പോലെ ക്ലച്ച് പെഡലില്‍ കാലിന് വിശ്രമം അനുവദിക്കുന്നതും ചിലരുടെ ശീലമാണ്. ഗിയര്‍ മാറ്റുന്ന സമയത്തല്ലാതെ ക്ലച്ചിന് മുകളില്‍ അനാവശ്യമായി കാല്‍ കയറ്റിവെക്കുന്നത് ക്ലച്ചിനെയും ട്രാന്‍സ്മിഷനെയും ദോഷകരമായി ബാധിക്കും. പെഡലിന് മുകളില്‍ വരുന്ന ഈ പ്രഷര്‍ പാര്‍ട്‌സ് നേരത്തെ കേടാകുന്നതിനും ക്ലച്ചിന്റെ കാര്യക്ഷമത കുറയുന്നതിനും ഇടയാക്കും.
ഫ്യുവല്‍ ടാങ്ക് കാലിയാക്കി ഓടുക: കൈയ്യില്‍ ക്യാഷ് ഉണ്ടെങ്കില്‍ കൂടി കുറഞ്ഞ സംഖ്യക്ക് മാത്രം ഇന്ധനം നിറക്കുന്ന ചിലരുണ്ട്. ഈ ശീലം വണ്ടിയെ ദോഷകരമായി ബാധിക്കും. കുറഞ്ഞ ഇന്ധനത്തില്‍ വാഹനം ഓടിക്കുന്നത് ഓഫര്‍ ഹീറ്റിംഗിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് വാഹനം തകരാറാകുന്നതിന് കാരണമാകും. സിസ്റ്റത്തിലേക്ക് ഇന്ധനം വലിച്ചെടുക്കാന്‍ ഫ്യുവല്‍ ടാങ്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതിനാലാണിത്. അതിനാല്‍ കാറില്‍ ഒപ്റ്റിമല്‍ ലെവലില്‍ ഇന്ധനം ഉണ്ടെന്ന് നാം ഉറപ്പാക്കണം.
കാര്‍ വെള്ളത്തിലിറക്കുക: വെള്ളക്കെട്ട് നിറഞ്ഞ റോഡുകളില്‍ സാഹസം കാണിക്കുന്ന ചിലരെ കാണാം. ചില എസ്‌യുവികള്‍ക്ക് വാട്ടര്‍വേഡിംഗ് ശേഷിയുണ്ടാകും. അതുകരുതി എല്ലാ കാറുകളും വെള്ളത്തില്‍ ഇറക്കാന്‍ നിന്നാല്‍ പണി കിട്ടും. വെള്ളക്കെട്ടുകളിലൂടെ കാര്‍ ഓടിക്കുന്നത് ഇലക്ട്രിക്കല്‍ സിസ്റ്റത്തിനും എഞ്ചിനും ട്രാന്‍സ്മിഷനും ദോഷകരമാണ്. വണ്ടിയുടെ ഇലക്ട്രിക്കല്‍ ഭാഗങ്ങളില്‍ വെള്ളം കയറിയാല്‍ അത് ഷോര്‍ട് സര്‍ക്യൂട്ടിന് വരെ കാരണമാകും.