വാഹന പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിച്ച പ്രി-ബുക്കിംഗിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കമ്പനി പറയുന്നു. പുതിയ സോനെറ്റ് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി വണ്ടി ബുക്ക് ചെയ്‌തിടാം.
കഴിഞ്ഞ ആഴ്ച്ച ഡിസംബർ 14-ന് ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലാണ് സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം നടന്നത്. ADAS ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന മാറ്റങ്ങളുമായാണ് കോംപാക്‌ട് എസ്‌യുവിയുടെ ഇത്തവണത്തെ വരവ്. ആരും മോഹിക്കുന്ന അഴകും പരിഷ്ക്കാരങ്ങളുമായെത്തിയ വണ്ടി കണ്ണുംപൂട്ടി വാങ്ങാം. വില കൂടി അറിയാൻ ബാക്കിയുണ്ടെങ്കിലും മുടക്കുന്ന വിലയ്ക്കുള്ള മുതലുണ്ടെന്ന് കിയ ഇതിനോടകം തെളിയിച്ചതാണ്. എന്തായാലും ബുക്ക് ചെയ്‌ത് ഒരുപാട് നാള് കാത്തിരിക്കുകയൊന്നും വേണ്ടെന്നും കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്. 2024 ജനുവരി മാസത്തോടെ വില പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ ഡെലിവറിയും തുടങ്ങും. വാഹനത്തിനായുള്ള നിർമാണവും കിയ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്
രൂപത്തിലും ഫീച്ചറുകളിലും സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിന്റെ എഞ്ചിൻ ഓപ്ഷനും മറ്റ് മെക്കാനിക്കൽ വശങ്ങളുമെല്ലാം ഏറെക്കുറെ മുൻഗാമിക്ക് സമാനമാണ്. സോനെറ്റിനൊപ്പം മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ് ആദ്യത്തേത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന ഇതിന് 82 bhp കരുത്തിൽ 115 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.
രണ്ടാമത്തെ പെട്രോൾ എഞ്ചിൻ ഓപ്ഷൻ 1.0 ലിറ്റർ ടർബോ യൂണിറ്റാണ്. ഇത് 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് സ്വന്തമാക്കാനാവുന്നത്. എഞ്ചിന് 118 bhp പവറിൽ 172 Nm torque നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. 114 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ യൂണിറ്റാണ് ഡീസൽ എഞ്ചിൻ ഓപ്ഷനും ശ്രേണിയിലുണ്ട് ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സെൽറ്റോസിനൊപ്പം ലഭിക്കുന്ന അതേ ഡീസൽ എഞ്ചിൻ യൂണിറ്റാണിത്. 6-സ്പീഡ് iMT, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനാണ് ഇതിനൊപ്പം കമ്പനി നൽകുന്നത്. പുതിയ കിയ സോനെറ്റ് എസ്‌യുവി HTE, HTK, HTK+, HTX, HTX+, GTX and X-ലൈൻ എന്നിങ്ങനെ 7 വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. HTE എന്ന് വിളിക്കപ്പെടുന്ന എസ്‌യുവിയുടെ ബേസ് പതിപ്പ് വരെ മോശമല്ലാത്ത രീതിയിൽ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്.
എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് പകരം ഈ വേരിയന്റിന് ഹാലൊജൻ യൂണിറ്റുകളാണ് ലഭിക്കുന്നത്. 16 ഇഞ്ച് അലോയ് വീലുകൾക്ക് പകരം 15 ഇഞ്ച് സ്റ്റീൽ വീലുകളുമായാണ് HTE വരുന്നത്. അകത്തേക്ക് കയറിയാൽ സോനെറ്റ് ബേസ് വേരിയന്റിൽ സീറ്റ് വെന്റിലേഷനോ ഡ്രൈവർമാർക്കുള്ള പവർ സീറ്റുകളോ ഉണ്ടാകില്ല. ഉയർന്ന വേരിയന്റുകളിൽ അവതരിപ്പിച്ച പുതിയ 10.2 ഇഞ്ച് യൂണിറ്റിന് പകരം ചെറിയ 4.2 ഇഞ്ച് ഡിസ്‌പ്ലേയും ഇതിന് ലഭിക്കും.
മറ്റ് വേരിയന്റുകളിൽ, സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിൽ അവതരിപ്പിച്ച മിക്ക പുതിയ ഫീച്ചറുകളും HTK, HTK+ മോഡലുകളിൽ ലഭ്യമാവും. HTX, HTX+, GTX+ എന്നിങ്ങനെ വിളിക്കപ്പെടുന്ന ടോപ്പ്-എൻഡ് ട്രിമ്മുകൾ എല്ലാത്തരം സംവിധാനങ്ങളാലും സമ്പന്നമാണ്. സോനെറ്റ് എസ്‌യുവിയുടെ X-ലൈൻ വേരിയന്റാണ് ഹൈ എൻഡ് പതിപ്പ്. ഇതിലാവും ADAS സാങ്കേതികവിദ്യ ലഭിക്കുക എന്നതും പ്രത്യേകം ഓർമിക്കണം.
പുതുക്കിയ ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎൽ സജ്ജീകരണം, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, മൂന്ന് വ്യത്യസ്ത ഡിസൈനുകളുള്ള അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, പിന്നിൽ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ എന്നിവയാണ് സോനെറ്റിന്റെ രൂപത്തെ അഴകുറ്റതാക്കുന്നത്. എല്ലാ വേരിയന്റുകളിലും സോനെറ്റ് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു, ഇത് എസ്‌യുവിയെ അതിന്റെ സുരക്ഷാ റേറ്റിംഗ് മെച്ചപ്പെടുത്താനും സഹായിക്കും.