മുഖം മിനുക്കി ക്രേറ്റ മാറ്റങ്ങളുമായി അൽകസാർ അടുത്ത വർഷത്തെ വിപണന മേള കുതിക്കാൻ ഹ്യുണ്ടേയ്


 




2024ല്‍ നാലു പുതിയ എസ്‌യുവി മോഡലുകളാണ് ഹ്യുണ്ടേയ് കാര്‍ പ്രേമികള്‍ക്കായി കരുതിവെച്ചിരിക്കുന്നത്. അയോണിക് 5, എക്‌സ്റ്റര്‍, വെര്‍ന എന്നീ മോഡലുകളുമായി 2023 ഗംഭീരമാക്കിയ ഹ്യുണ്ടേയ് അടുത്തവര്‍ഷവും അതു തുടരുമെന്നു തന്നെയാണ് ലഭിക്കുന്ന സൂചന. പുതുമകളോടെ ക്രേറ്റ, അല്‍ക്കസാര്‍, ട്യൂസോണ്‍ എന്നീ മോഡലുകള്‍ക്കു പുറമേ ക്രേറ്റ ഇവിയെ കൂടി 2024ല്‍ ഹ്യുണ്ടേയ് വിപണിയിലിറക്കും.


ഹ്യുണ്ടേയ് ക്രേറ്റ

                                     


അകത്തും പുറത്തും പുതുമകളോടെയാണ് ക്രേറ്റ മുഖം മിനുക്കിയെത്തുന്നത്. ഹ്യുണ്ടേയുടെ അന്താരാഷ്ട്ര വിപണിയിലെ താരമായ പാലിസേഡുമായാണ് രൂപകല്‍പനയില്‍ ക്രേറ്റക്ക് സാമ്യത. ഗ്രില്ലിൽ വന്ന മാറ്റങ്ങളും കുത്തനെയുള്ള സ്പ്ലിറ്റ് പ്രൊജക്ടര്‍ ഹെഡ് ലാംപുകളും സമാന്തരമായ എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുമെല്ലാം പാലിസേഡിനെയാണ് ഓര്‍മിപ്പിക്കുന്നത്. എ ഡി എ എസ് സുരക്ഷാ ഫീച്ചറുകളും 360 ഡിഗ്രി ക്യാമറയും 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റും ക്രേറ്റയിലുണ്ടാവും.


160എച്ച്പി, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു പ്രധാനമാറ്റം. 1.4 ലീറ്റര്‍ ടര്‍ബോ എന്‍ജിനു പകരമാണ് പുതിയ എന്‍ജിന്റെ വരവ്. 1.5 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഈ രണ്ടു എന്‍ജിനുകളും മാനുവല്‍/ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ ലഭ്യമാണ്. കൂടുതല്‍ കരുത്തും കാഴ്ച്ചയില്‍ വ്യത്യസ്തതയുമുള്ള ക്രേറ്റ അടുത്ത വര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. 

ഹ്യുണ്ടേയ് അല്‍ക്കസാര്‍



കൂടുതല്‍ കരുത്തും വലിപ്പവുമുള്ള വാഹനങ്ങളിലേക്കാണ് അടുത്തവര്‍ഷം ഹ്യുണ്ടേയ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. മൂന്നു നിരയുള്ള വാഹനങ്ങളില്‍ മുഖം മിനുക്കിയെത്തുന്ന അല്‍ക്കസാറിന്റെ വരവാണ് അടുത്തത്. പരമാവധി രഹസ്യ സ്വഭാവത്തിലാണ് ടെസ്റ്റ് റണ്‍ വരെ ഹ്യുണ്ടേയ് അല്‍ക്കസാറിന്റെ കാര്യത്തില്‍ ചെയ്യുന്നത്. 160എച്ച്പി, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായതിനാല്‍ ഇക്കാര്യത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. 115എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തുടര്‍ന്നേക്കും. 

ഹ്യുണ്ടേയ് ട്യൂസോണ്‍




അടുത്തിടെയാണ് മുഖംമിനുക്കിയെത്തുന്ന ട്യൂസോണിന്റെ വിശദാംശങ്ങള്‍ ആഗോള തലത്തില്‍ ഹ്യുണ്ടേയ് പുറത്തുവിട്ടത്. ഗ്രില്ലിലും എല്‍ഇഡി ഡി.ആര്‍.എല്ലും ബംബറിലലെ ചെറിയ മാറ്റങ്ങളും മാത്രമേ പുറത്തുള്ളൂ. എന്നാല്‍ ഉള്ളില്‍ അങ്ങനെയല്ല. ഡാഷ്‌ബോര്‍ഡ് പൂര്‍ണമായും റീഡിസൈന്‍ ചെയ്യുകയും പുതിയ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കുകയും ചെയ്തു. മിനിമലിസ്റ്റ് ഡിസൈനാണ് ഉള്ളില്‍ സ്വീകരിച്ചിരിക്കുന്നത്. സ്റ്റിയറിങ് വീലും പുതിയതാണ്. 156എച്ച്പി, 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 186എച്ച്പി, 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും ട്യൂസോണില്‍ നല്‍കുക. ഇരു എന്‍ജിനുകളിലും 6 സ്പീഡ് അല്ലെങ്കില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ടാവും. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും ട്യൂസോണിലുണ്ട്. 

ഹ്യുണ്ടേയ് ക്രേറ്റ ഇവി



വലിയ വിപണിയെ ലക്ഷ്യം വെച്ചുള്ള ഹ്യുണ്ടേയുടെ ആദ്യ ഇവിയാണ് ക്രേറ്റ. ഇങ്ങനെയൊരു ലക്ഷ്യത്തിലേക്ക് തങ്ങളുടെ ഏറ്റവും വില്‍പനയുള്ള എസ്.യു.വി മോഡല്‍ തന്നെ തെരഞ്ഞെടുത്തതും സ്വാഭാവികം. ഐസിഇ മോഡലിനെ അപേക്ഷിച്ച് ക്രേറ്റ ഇവിയുടെ രൂപത്തിലും സൗകര്യങ്ങളിലും കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് സൂചന. 45kWh ബാറ്ററിയും കോന ഇവിയില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോറുമായിരിക്കും ക്രേറ്റ ഇവിയില്‍. 138എച്ച്പി കരുത്തും പരമാവധി 255എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിനാവും. മാരുതിയുടെ ഇവിഎക്‌സ് പുറത്തിറങ്ങുന്ന സമയത്തു തന്നെ ഹ്യുണ്ടേയുടെ ക്രേറ്റ ഇവിയേയും പ്രതീക്ഷിക്കാം



Join