പ്രായം കൂടുംതോറും ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ നിത്യജീവിതത്തില്‍ ഇതുണ്ടാക്കുന്ന പ്രയാസങ്ങളെ പലപ്പോഴും നിസാരമായി കണക്കാക്കാനുമാവില്ല. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ഇങ്ങനെ പ്രായം ബാധിക്കാറുണ്ട്. അതിനാലാണ് പ്രായമായവരില്‍ അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ ബാധിക്കുന്നത്.
പ്രായമായവരില്‍ പൊതുവില്‍ തന്നെ മറവി കൂടുതലായി കാണാറുണ്ട്. എന്നാലിന്ന് മദ്ധ്യവയസ്കര്‍ മുതലുള്ളവര്‍ ഇത്തരത്തിലുള്ള മറവിയെ കുറിച്ച് പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ പ്രായം മറവിയിലേക്ക് നയിക്കുന്നതിനെ പ്രതിരോധിക്കാനും ഓര്‍മ്മശക്തി കൂട്ടാനുമെല്ലാം സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ആകെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലൂടെ വലിയൊരു പരിധി വരെ മറവിയെയും നമുക്ക് പ്രതിരോധിക്കാനാകും. ഇതിന് വ്യായാമം നിര്‍ബന്ധമാണ്. അതേസമയം വ്യായാമം തലച്ചോറിന്‍റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
രണ്ട്...
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതും തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വലിയൊരളവ് വരെ സഹായിക്കുന്നു. ബാലൻസ്ഡ് ആയ, അഥവാ എല്ലാ പോഷകങ്ങളും കിട്ടുന്ന രീതിയിലുള്ള നല്ല ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രോസസ്ഡ്- ജങ്ക് ഫുഡ്സ് എല്ലാം കഴിയുന്നതും ഒഴിവാക്കുകയോ പരിമിതപ്പെടുത്തപ്പെടുത്തുകയോ വേണം. കാരണം ഇവ തലച്ചോറിനും ആകെ ആരോഗ്യത്തിനുമൊന്നും അത്ര നല്ലതല്ല.
മൂന്ന്...
മാനസികാരോഗ്യവും ഭംഗിയായി കൊണ്ടുപോകാൻ സാധിച്ചില്ലെങ്കില്‍ അതും തലച്ചോറിന്‍റെ ആരോഗ്യത്തെ കാര്യമായ അളവില്‍ സ്വാധീനിക്കാം. മനസിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള ഗെയിമുകള്‍, വ്യായാമങ്ങള്‍, വായന, പുതിയ കാര്യങ്ങള്‍ പഠിക്കല്‍ എല്ലാം മറവിയെ പ്രതിരോധിക്കാനും സഹായകമാണ്.
നാല്...
പതിവായി സ്ട്രെസ് അനുഭവിക്കുന്നവരിലും മറവി നേരത്തെ തന്നെ ബാധിക്കുന്നത് കാണാൻ കഴിയും. അതിനാല്‍ സ്ട്രെസ് നല്ലതുപോലെ കുറയ്ക്കാനോ കൈകാര്യം ചെയ്യാനോ സാധിക്കണം. ഉത്കണ്ഠയുണ്ടെങ്കില്‍ (ആംഗ്സൈറ്റി) അതും നല്ലതുപോലെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
അഞ്ച്...
രാത്രിയില്‍ ശരിയായ ഉറക്കം പതിവായി ലഭിച്ചില്ലെങ്കില്‍ അതും ക്രമേണ മറവിയിലേക്ക് നയിക്കാം. ഉറക്കം മെച്ചപ്പെടുത്താൻ സാധിച്ചാല്‍ അത് തീര്‍ച്ചയായും ഓര്‍മ്മശക്തി കൂട്ടുന്നതിന് ഏറെ പ്രധാനമാണ്. അതിനാല്‍ ഉറക്കമില്ലായ്മയുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ്, കാരണം കണ്ടെത്തി പരിഹാരം തേടുക.