നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് ഇത്. നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്. കുഴിനഖം വന്ന് കഴിഞ്ഞാൽ പലപ്പോഴും അതികഠിനമായ വേദന അനുഭവപ്പെടാം. പലപ്പോഴും ഇതിനു കാരണമാകുന്നത് ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം. അതിനാൽ ബ്രഷോ മറ്റോ ഉപയോഗിച്ച് നഖം വൃത്തിയായി സൂക്ഷിക്കുകയും, അൽപം പണം മുടക്കാൻ കഴിയുമെങ്കിൽ പെഡിക്യൂർ രീതികളും പിന്തുടരാവുന്നതാണ്.
കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും പൂപ്പൽ ബാധയും ചിലരിൽ ഉണ്ടാകാം. അങ്ങനെ സംഭവിച്ചാൽ ഒരു സർജനെ കാണിക്കുക. അദ്ദേഹം ആദ്യം മരുന്നു ചികിത്സയായിരിക്കാം നിർദേശിക്കുക. ശേഷം പഴുപ്പു മാറി കഴിയുമ്പോൾ ലോക്കൽ അനസ്തീസിയ നൽകി ഒരു െചറിയ സർജറിയിലൂടെ അകത്തേക്കു വളരുന്ന കേടു വന്ന നഖത്തെ (Ingrowing nail) നീക്കം ചെയ്യേണ്ടിയും വരാം. ഇങ്ങനെ മാത്രമേ പലരിലും കുഴിനഖത്തിനു ശാശ്വത പരിഹാരം കാണാനാകൂ. തുടർന്നും വരാനുള്ള സാധ്യതകളും ഒഴിവാക്കണം.
അസഹ്യമായ വേദനയും നീർവീക്കവും; കുഴിനഖം തടയാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ
∙ പച്ചമഞ്ഞൾ, വേപ്പെണ്ണ ചേർത്ത് മിശ്രിതമായി കാലിലിട്ടാൽ കുഴിനഖം മാറും.
∙ ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ അതിയായ വേദന കുറയും.
∙ മഞ്ഞളും കറ്റാർ വാഴയുടെ നീരും ചേർത്ത് കുഴിനഖത്തിൽ വച്ച് കെട്ടുക. ഒരു പരിധി വരെ തടയാൻ കഴിയും.