ഒരു കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് ടയറുകൾ. എഞ്ചിൻ പോലെ തന്നെ വാഹനം നിരത്തിൽ ഓടണമെങ്കിൽ ഏറ്റവും അനിവാര്യമായി വേണ്ടുന്ന കാര്യമാണ് ടയർ. ഒരു ചെറിയ സ്ക്രൂ മുതൽ ധാരാളം ഘടകങ്ങൾ സംയോജിച്ചാൽ മാത്രമേ ഏതൊരു വാഹനം ആയാലും അതിന്റെ പൂർണതയിലെത്തൂ. കാറുകളുടെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ അവഗണിക്കപ്പെടുന്നതുമായ ഘടകങ്ങളിലൊന്നാണ് ടയറുകൾ.
റോഡിൻ്റെ ഉപരിതലത്തെയും വാഹനത്തെയും ബന്ധിപ്പിക്കുന്ന ഒരേയൊരു ഭാഗമാണിത്. അതിനാൽ ടയറുകൾ ഒരു മനുഷ്യന്റെ കാലുകൾ പോലെ പരിഗണിക്കപ്പെടേണ്ട കാര്യമാണ്. കാറോ ബൈക്കോ ഏതുതരം വാഹനം ഉപയോഗിക്കുന്നവരായാലും ജീവിതത്തിൽ ഒരുതവണയെങ്കിലും ടയർ മാറിയിട്ടുണ്ടാവും അല്ലേ. മിക്കവരും ഓടിപ്പോയി ഏതെങ്കിലും ടയർ വാങ്ങിയിടാറാണ് പതിവ്.
തകരാറിലായതോ ഗുണനിലവാരമില്ലാത്തതോ ആയ ടയർ വളരെയധികം പ്രശ്‌നങ്ങൾക്ക് കാരണമാകുകയും മറ്റ് വാഹനങ്ങൾക്കും യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ജീവന് പോലും ഭീഷണി ഉയർത്തുകയും ചെയ്യുന്നതാണെന്ന് ഓർത്തുവെച്ചാൽ ഈ രീതി മാറ്റാനാവും. ഇത്തരക്കാരെ മാറ്റി നിർത്തിയാൽ ത്രെഡ് തീർന്ന് നൂലു വെളിയിൽ വന്നിട്ടും ഈ ടയർ ഇനിയും ഓടും എന്നു പറയുന്ന വിദ്വാന്മാരും ഏറെയുണ്ട് നമുക്കു ചുറ്റും.
ഒരു ടയറിൻ്റെ ആയുസ് കാലാവസ്ഥ, റോഡിൻ്റെ അവസ്ഥ, ഡ്രൈവിംഗ് ശീലം മുതലായവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. നിങ്ങളുടെ ടയറിൻ്റെ പ്രവർത്തനക്ഷമത മികച്ചതല്ലെന്നും ഒന്ന് മാറ്റിയേക്കാം എന്നും വിചാരിച്ചാൽ മറ്റൊരു അഭിപ്രായം തേടേണ്ടതില്ല. പക്ഷേ ടയർ വാങ്ങുന്നതു മുതൽ ടയർ പരിചരണത്തിൽ വരെ കാര്യമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഇന്ന് പുതിയ ടയർ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില ടിപ്പുകൾ പറഞ്ഞുതരാം.
ബ്രാൻഡ്: ടയർ വാങ്ങുമ്പോൾ നല്ല ബ്രാൻഡ് നോക്കി വാങ്ങുക എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ് കേട്ടോ. ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് അനുസൃതമായുള്ള ISI മാർക്കുള്ള ടയർ തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പൈസ കുറവുള്ള ചൈനീസ് ടയറുകളും മറ്റ് വിലക്കുറഞ്ഞ മോഡലുകളുമെല്ലാം ഒഴിവാക്കുന്നതാവും ഉചിതം. ഹൈവേയാത്ര കൂടുതൽ ഉള്ളവർക്കു പെർഫോമൻസും കംഫർട്ടും കൂടുതൽ ലഭിക്കുന്ന ടയറുകളാണുത്തമം. അതേസമയം ലോക്കൽ സിറ്റി ഓട്ടങ്ങൾക്ക് മൈലേജ് കൂടുതൽ ലഭിക്കുന്ന ടയറുകളാണ് വേണ്ടത്.
ശരിയായ വലിപ്പം നോക്കുക: വാഹനത്തിൻ്റെ പെർഫോമൻസിനും സുരക്ഷയ്ക്കും ശരിയായ വലിപ്പത്തിലുള്ള ടയർ വാങ്ങിയിടേണ്ടത് അത്യാവശ്യമാണ്. സാധാരണയായി, ഒരു ടയറിൻ്റെ സൈസ് അതിൻ്റെ സൈഡ്‌വാളിൽ തന്നെ നിർമാതാക്കൾ നൽകിയിട്ടുണ്ട്. അതിനാൽ പുതിയ ടയറുകൾ വാങ്ങാൻ പോകുകയാണെങ്കിൽ റഫറൻസിനായി വാഹനത്തിൻ്റെ നിലവിലുള്ള ടയറുകൾ പരിശോധിക്കാം. അതുമല്ലെങ്കിൽ വാഹനത്തിൻ്റെ യൂസേഴ്‌സ് മാനുവൽ, കാറിൻ്റെ ഡോർ ജാം എന്നിവയിലും ടയർ സൈസ് സൂചിപ്പിച്ചിട്ടുണ്ടാവും.
നിർമാണ തീയതി പരിശോധിക്കുക: ടയർ വാങ്ങുമ്പോൾ ടയറിന്റെ വശത്തിലെഴുതിയിരിക്കുന്ന ടയർ നിർമിച്ച തീയതി കൂടി നോക്കാൻ മറക്കേണ്ട. പഴയ സ്റ്റോക്ക് വാങ്ങി അമളിപറ്റരുതെന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കും. പുതിയതായി തോന്നുന്ന ടയറാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ പോലും, അതിൽ അച്ചടിച്ചിരിക്കുന്ന തീയതി ഇനിയെങ്കിലും ശ്രദ്ധിക്കുന്നത് വലിയ ഉപകാരമാണ്. റബർ കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ അത് കാലക്രമേണ നശിച്ചുപോവാൻ ഇടയുണ്ട്.
പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ വേഗത്തിൽ ടയറുകൾ നശിക്കാൻ കാരണമാവാറുണ്ട്. അതിനാൽ പുതിയ ടയർ വാങ്ങുമ്പോൾ നിർമാണ തീയതി പരിശോധിക്കേണ്ടത് പ്രധാനമാണ്. ടയർ നിർമിച്ച ആഴ്‌ചയും വർഷവും സൂചിപ്പിക്കുന്ന DOT-ൽ ആരംഭിക്കുന്ന അക്ഷരങ്ങളുടെ ക്രമം പരിശോധിക്കുക. എല്ലാ ടയറിലും അതിന്റെ നിർമാണ മാസം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇനിയത് ഇല്ലെങ്കിൽ ഒഴിവാക്കുന്നതാവും അനുയോജ്യം.
ടയർ മാറാനുള്ള ശരിയായ സമയം അറിയുക: ടയറുകൾ പതിവായി പരിശോധിക്കുന്നത് വാഹനത്തിൻ്റെ അടിസ്ഥാന അറ്റകുറ്റപ്പണിയുടെ ഭാഗമാണ്. ട്രെഡ് ഡെപ്ത് പതിവായി പരിശോധിക്കുന്നത് വഴിയിൽ കിടക്കാതിരിക്കാൻ സാഹായിക്കും. ഓടിയാലും ഇല്ലെങ്കിലും അഞ്ചുവർഷമാണ് ടയറിനു നിർമ്മാതാക്കൾ നൽകുന്ന ആയുസ്. കമ്പനി നിർദ്ദേശിക്കുന്ന എയർ പ്രഷർ എപ്പോഴും ടയറിലുണ്ടെന്നും ഉറപ്പുവരുത്താം. ഇതിനായി മോഡേൺ കാറുകളിൽ TPMS പോലുള്ള ഫീച്ചറുകൾ നൽകാറുണ്ട്.
അസമമായ തേയ്മാനമോ മറ്റ് തകരാറുകളോ മറ്റോ കണ്ടാൽ ടെക്നീഷ്യൻ്റെ അടുത്ത് കൊണ്ടുപോയി ടയർ മാറ്റേണ്ടതുണ്ടോയെന്ന് പരിശോധിക്കുന്നതും നല്ലതാണ്. കുറച്ച് പണം ലാഭിക്കുന്നതിന് വേണ്ടി ഇത്തരം ചെറിയ സൂചനകൾ അവഗണിക്കുന്നത് വാഹനത്തിൻ്റെ പെർഫോമൻസിനെയും കാര്യക്ഷമതയെയും ബാധിച്ചേക്കാം. ഇടയ്ക്കിടെ എയർ പരിശോദിച്ച് നിറയ്ക്കുന്നത് മൈലെജും പെർഫോമൻസും നിലനിർത്താൻ സഹായിക്കും.