ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളിൽ, പ്രത്യേകിച്ച് ദൈനംദിന ജീവിതത്തിൽ നടത്തിവരുന്ന ചെറിയ തുകയുടെ ഉൾപ്പെടെ കൈമാറ്റത്തിൽ നിർണായക മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ (UPI). ഇന്ന് നിരവധി ഇന്ത്യക്കാർ വിവിധ ഗൂഗിൾപേ, ഫോൺപേ തുടങ്ങി വിവിധ ആപ്പുകൾ ഉപയോഗിച്ച് യുപിഐ സേവനങ്ങൾ ആസ്വദിക്കുന്നു. കച്ചവടങ്ങളിലും മറ്റും നോട്ടുകൾക്ക് പകരം പണം അക്കൗണ്ടിലേക്ക് ആപ്പ് ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യുന്നു. അങ്ങനെ ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ ആളുകൾ എത്തുന്നു. ഇന്ന് വളരെ സാധാരണമായി ആളുകൾ ഉപയോഗിച്ചുവരുന്ന യുപിഐ സേവനങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു ഫീച്ചർ കൂടി ഇപ്പോൾ എത്തിയിരിക്കുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മാർഗനിർദേശങ്ങൾക്ക് കീഴിൽ നിന്നുകൊണ്ട് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് യുപിഐ ഇടപാടുകളുടെ ചുമതല വഹിക്കുന്നത്. യുപിഐ ആപ്പുകൾ സജീവമായതോടെ ഒട്ടേറെ പുതിയ ഫീച്ചറുകളും അവതരിപ്പിക്കപ്പെടുന്നുണ്ട്. എടിഎം കാർഡ് ഇല്ലാതെ യുപിഐ സംവിധാനം ഉപയോഗിച്ച എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്നത് ഉൾപ്പെടെയുള്ള ഫീച്ചറുകൾ നേരത്തെ തന്നെ ലഭ്യമാണ്.
ഇപ്പോൾ ആർബിഐ പുതിയ ഒരു ഫീച്ചർ കൂടി യുപിഐ സംവിധാനവുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നു. യുപിഐ ഇൻ്റർഓപ്പറബിൾ ക്യാഷ് ഡെപ്പോസിറ്റ് (UPI-ICD) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. ഡെബിറ്റ് കാർഡുകളുടെയോ മറ്റേതെങ്കിലും ഫിസിക്കൽ കാർഡുകളുടെയോ സഹായം ഇല്ലാതെ തന്നെ ഏത് യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മുകളിൽ പണം നിക്ഷേപിക്കാം എന്നതാണ് UPI-ICD ഫീച്ചറിന്റെ നേട്ടം.
കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024ൽ (GFF-2024) വച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ ആണ് UPI ഇൻ്റർഓപ്പറബിൾ ക്യാഷ് ഡെപ്പോസിറ്റ് (UPI-ICD) ഫീച്ചർ അവതരിപ്പിച്ചത്. പണം നിക്ഷേപിക്കാനും പിൻവലിക്കാനും (കാഷ്-റീസൈക്ലർ മെഷീനുകൾ) ഉപയോഗിക്കാവുന്ന എടിഎമ്മുകളിൽ മാത്രമേ UPI-ICD ഫീച്ചർ ലഭ്യമാകൂ.
ഉപയോക്താവിൻ്റെ മൊബൈൽ നമ്പർ, യുപിഐ, വെർച്വൽ പേയ്‌മെൻ്റ് അഡ്രസ് (വിപിഎ), അക്കൗണ്ട് ഐഎഫ്എസ്‌സി എന്നിവയുമായി ബന്ധിപ്പിച്ച്, അവരുടെ സ്വന്തം അക്കൗണ്ടിലോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലോ പണം നിക്ഷേപിക്കാൻ യുപിഐ-ഐസിഡി ഫീച്ചറിന് സാധിക്കുമെന്ന് യുപിഐ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ്റെ ഓഫ് ഇന്ത്യ (എൻസിപിഐ) പത്രക്കുറിപ്പിലൂടെയും അറിയിച്ചു.
ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ യുപിഐ-ഐസിഡി ഫീച്ചർ അവതരിപ്പിക്കുന്നതിന്റെ സൂചനകൾ ആർബിഐ നൽകിയിരുന്നു. ഇപ്പോൾ, അധികം വൈകാതെ ബാങ്കുകൾ ഈ ഫീച്ചറുകൾ അവതരിപ്പിക്കുമെന്നും ഉപഭോക്താക്കൾക്ക് ഇത് ആക്‌സസ് ചെയ്യാൻ കഴിയുമന്നും എൻപിസിഐ പറയുന്നു. എടിഎമ്മുകളെ മിനി ബാങ്കുകളാക്കി മാറ്റുന്ന ചില പദ്ധതികളും ഇതോടൊപ്പം ആർബിഐ പങ്കുവച്ചിട്ടുണ്ട്.
പണം നിക്ഷേപിക്കുന്നതിന് പുറമെ, ബാങ്ക് ആപ്പുകൾ ഹോസ്റ്റുചെയ്യുന്നതിനുള്ള ഏറ്റവും പുതിയ ശേഷിയുള്ള എടിഎമ്മുകളെ ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളായി (ഡിബിയു) മാറ്റുമെന്ന് ആർബിഐ അറിയിച്ചു. ഇതുവഴി ഉപയോക്താക്കൾക്ക് എടിഎം കൗണ്ടറുകൾ വഴി ബാങ്ക് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാനും ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കാനും ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിക്കാനും സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾക്കായി അപേക്ഷിക്കാനും കഴിയും.