സൈലന്റ് ഹാർട്ട് അറ്റാക്ക് : മുമ്പ് തരുന്ന ലക്ഷണങ്ങൾ എന്തൊക്കെ? എപ്പോഴാണ് വൈദ്യ സഹായം തേടേണ്ടത്

 




ശരീരം നൽകുന്ന ചില സൂചനകളെ മനസ്സിലാക്കുന്നത് ഒരു മുൻകരുതൽ എടുക്കാൻ സഹായിക്കും. ഹൃദ്രോഗം വരുംമുൻപ് ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ അറിയാം

നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ അസ്വാഭാവികമായി ഉണ്ടാകുന്ന അസ്വസ്ഥത.

നെഞ്ചിന്റെ ഇടതുഭാഗത്തോ നടുഭാഗത്തോ അസ്വസ്ഥത തോന്നാം. കടുത്ത വേദന, സമ്മർദം, ഞെക്കുന്ന പോലെ ഒക്കെ അനുഭവപ്പെടാം. നെഞ്ചിന് കുറുകെ ഇറുക്കി ബാൻഡ് ഇട്ടാൽ അല്ലെങ്കിൽ നെഞ്ചിൽ ഒരാന ഇരിക്കും പോലെ എന്നൊക്കെ ഈ വേദനയെ പറയാം. ഹൃദയപേശികൾക്ക് ഓക്സിജൻ ധാരാളം അടങ്ങിയ രക്തം ആവശ്യമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അസ്വസ്ഥത, ഏതാനും മിനിറ്റില്‍ കൂടുതൽ നീണ്ടു നിൽക്കുകയോ വേദന പോയിട്ട് വീണ്ടും വരുകയോ ചെയ്താൽ വളരെ പെട്ടെന്നു തന്നെ വൈദ്യസഹായം തേടണം.

ശ്വസിക്കാൻ പ്രയാസം

നെഞ്ചിന് അസ്വസ്ഥതയോടൊപ്പമോ അല്ലാതെയോ ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടാം. ഹൃദയം രക്തം പമ്പു ചെയ്യാതെ വരുമ്പോഴാണ് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നത്. ശ്വാസതടസം പെട്ടെന്ന് വരുകയാണോ അതോ ക്രമേണ കൂടുതലാവുകയാണോ എന്നതു ശ്രദ്ധിക്കണം. ഇങ്ങനെ ശ്വാസതടസ്സം നേരിട്ടാൽ വൈദ്യസഹായം ഉടൻ തന്നെ തേടണം.



ഒരു നേരം മാത്രം 

കൈകൾക്കും താടിയെല്ലിനും വേദന

അസ്വസ്ഥത കൈകളിലേക്ക്, പ്രത്യേകിച്ച് ഇടതു കയ്യിലേക്ക് നീളാം. പുറം, കഴുത്ത്, താടിയെല്ല്, വയറ് എന്നിവിടങ്ങളിലേക്കും വേദന വ്യാപിക്കാം. കടുത്ത വേദന, ഭാരം തോന്നുക, കട്ടിയായി തോന്നുക ഇവയെല്ലാം അനുഭവപ്പെടാം. വേദന വ്യാപിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഒരു സ്ഥലത്ത് തുടങ്ങി മറ്റ് സ്ഥലങ്ങളിലേക്ക് വേദന പടരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാം. നെഞ്ചുവേദന, ശ്വാസതടസം ഇവയോടൊപ്പം ഈ അസ്വസ്ഥതകളും അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം

ഓക്കാനം, തലകറക്കം

ഓക്കാനം വരുന്നത് പലപ്പോഴും ദഹനക്കേട് മൂലം എന്ന് തെറ്റിദ്ധരിക്കാം. ഹൃദയത്തിലേക്ക് രക്തപ്രവാഹം കുറയുമ്പോൾ അത് ശരീരത്തെയാകെ ബാധിക്കുകയും ഉദരപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. നെഞ്ചുവേദന, ശ്വാസതടസം ഇവയോടൊപ്പം ഓക്കാനമോ തലകറക്കമോ അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം. എങ്കിൽ വൈദ്യസഹായം വൈകാതെ തന്നെ തേടണം.


പെട്ടെന്ന് ക്ഷീണം തോന്നുക

കഠിനമായി ഒന്നും ചെയ്തില്ലെങ്കിൽ കൂടി അകാരണമായി ക്ഷീണം, തളർച്ച ഇവ അനുഭവപ്പെടാം. ശരീരത്തിനാവശ്യമായ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ ഫലപ്രദമായി പ്രവർത്തിക്കാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഇങ്ങനെ കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്. പെട്ടെന്നാണോ ഈ ക്ഷീണം ഉണ്ടാകുന്നത് എന്നും ക്രമേണ ക്ഷീണം കൂടുകയാണോ എന്നും ശ്രദ്ധിക്കുക. മറ്റ് ലക്ഷണങ്ങളോടൊപ്പം കടുത്ത ക്ഷീണവും അനുഭവപ്പെട്ടാൽ അത് ഹൃദ്രോഗത്തിന്റെ ഗുരുതര ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഉടൻ വൈദ്യസഹായം തേടണം







എന്താണ് ചെയ്യേണ്ടത്

ഈ ലക്ഷണങ്ങളെ മനസ്സിലാക്കുക.

∙നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശാന്തമായിരിക്കാൻ ശ്രമിക്കുക. പരിഭ്രമിച്ചാൽ അവസ്ഥ കൂടുതൽ മോശമാകും.


∙ലക്ഷണങ്ങൾ കുറയാൻ കാത്തിരിക്കരുത്. അടിയന്തര സേവനം ലഭ്യമാകുന്ന നമ്പറിൽ വിളിച്ച് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. ഹൃദയാഘാത ചികിത്സയിൽ സമയം വളരെ പ്രധാനമാണ്


റിസ്ക് ഫാക്ടറുകൾ മനസ്സിലാക്കുക. അതായത് ഉയർന്ന രക്തസമ്മർദം, കുടുംബ ചരിത്രം, ഉയർന്ന കൊളസ്ട്രോൾ, പുകവലി, പ്രമേഹം ഇവയെല്ലാം ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.


∙കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുക. ഹൃദയാരോഗ്യം നിലനിർത്താനും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഗുരുതരമാവും മുൻപ് കണ്ടെത്താനും ഈ വൈദ്യപരിശോധന സഹായിക്കും.


∙സമീകൃത ഭക്ഷണം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക, സമ്മർദം നിയന്ത്രിക്കുക ഇതെല്ലാം ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും.





Join