അതിശയിപ്പിക്കുന്ന ഫീച്ചർസുമായി പുത്തൻ കർവ് ഇ. വി സവിശേഷതകൾ അറിയാം



 ആദ്യ കാഴ്ചയിൽത്തന്നെ ഭ്രമിപ്പിക്കുന്ന രൂപഭംഗിയാണ് കർവ്. ഇങ്ങിനെയൊരു കാർ നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. ബോഡിയിലേക്കു ചേർന്നു പോകുന്ന ഡോർ ഹാൻഡിലുകളും പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള 18 ഇഞ്ച് അലോയ് കളും വ്യത്യസ്തമായ എയർ ഡാമുകളുള്ള മുൻഭാഗവും പുതുമയായ കൂപെ പിൻവശവും ചേർന്ന് കർവിനെ വ്യത്യസ്തമാക്കുന്നു. പിയാനോ ഗ്ലോസി ഫിനിഷുള്ള വീൽ ആർച്ചുകളും വശങ്ങളിലെ ക്ലാഡിങ്ങും  സുന്ദരം. എയ്റോ ഡൈനാമിക് ഡോർ ഹാൻഡിലുകളെപ്പറ്റിയൊരു ദോഷം പറയാനുണ്ട്. പലപ്പോഴും രണ്ടു കൈകൊണ്ടു ശ്രമിച്ചാലേ ഡോർ തുറക്കൂ. ശീലക്കുറവാണെന്നു കരുതാം.


നെക്സോണിലും വലുപ്പം


4310 മി മി നീളം, 1810 മി മി ഉയരം, 1637 മി മി വീതി, 2560 മി മി വീൽബേസ്. കർവ് നെക്സോണിനെക്കാൾ വലുതാണ്, എം ജി സി എസ് ഇവിക്കു തുല്യവുമാണ്. വലിയ 500 ലീറ്റർ ഡിക്കിയിൽ മറ്റു ടാറ്റ ഇവികളിൽ നിന്നു വ്യത്യസ്തമായി സ്പെയർവീലുമുണ്ട്. മുന്നിൽ മോട്ടോറിനു മുകളിലുള്ള 12 ലീറ്റർസ്റ്റോറേജിന് ചാർജറിനെ ഉൾക്കൊള്ളാനാവും.


സൂപ്പറാണ്, പ്രീമിയമാണ്...



ഉൾവശത്ത് ശ്രദ്ധേയം തിളങ്ങുന്ന കറുപ്പും സിൽവറും സമാസമം ചേർന്നു നിൽക്കുന്ന ഡാഷ് ബോർഡ്. പൂതിയ നാലു സ്പോക്ക് സ്റ്റീയറിങ് മറ്റു ടാറ്റകളിലെപ്പോലെ ഇലൂമിനേറ്റഡ്. മുന്നിൽ വെൻറിലേറ്റ് സീറ്റുകൾ. ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലായും കോഡ്രൈവർ സീറ്റ് മെക്കാനിക്കലായും ക്രമീകരിക്കാം. പിൻ സീറ്റും റിക്ലൈൻ ചെയ്യാം. പനോരമിക് സൺറൂഫ്. വലിയ 10.2 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററിൽ നാവിഗേഷൻ ഡിസ്പ്ലേ. മാത്രമല്ല ഇൻഡിക്കേറ്ററിട്ടാൽ വശങ്ങൾ കാട്ടിത്തരുന്ന ക്യാമറ തെളിയും. റേഞ്ചടക്കം എല്ലാ വിവരങ്ങളും വിശദമായി ഈ ക്ലസ്റ്ററിൽ മിഴിവോടെ കാണാം. മധ്യത്തിലായുള്ള 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്സിസ്റ്റം, 9 ജെബിഎൽ തിയെറ്റർ സ്പീക്കേഴ്സ്. ആംബിയൻറ് ലൈറ്റിങ്,360 ക്യാമറ, വയർലെസ് ചാർജർ, ഓട്ടോ ഹെഡ് ലാംപ്, വൈപ്പർ. ജെസ്റ്റർ നിയന്ത്രിത ഡിക്കി ഡോർ. എല്ലാ സംവിധാനങ്ങളും ഡ്രൈവറുടെ ശബ്ദനിയന്ത്രണത്തിൽ പ്രവർത്തിക്കും.  സൗകര്യങ്ങളിലും ഫിനിഷിലും മെർക്ക്, ബീമർ, ഔഡി നിലവാരം...

റേഞ്ചുമുണ്ട് കുതിപ്പുമുണ്ട്. രണ്ടു ബാറ്ററി പാക്കുകൾ. 45, 55 കിലോവാട്ട്. ആദ്യത്തേതിന് 150 ബി എച്ച് പി, 502 കി.മീ റേഞ്ച്, രണ്ടാമത്തേതിന് 167 ബി എച്ച് പി, 585 കി.മീ റേഞ്ച്. ഇതു രണ്ടും മൈലേജ് സർട്ടിഫൈ ചെയ്യുന്ന എം ഐ ഡി സിയുടെ സാക്ഷ്യപ്പെടുത്തൽ. യഥാർത്ഥ റോഡ്പരിസ്ഥിതിയിൽ ടെസ്റ്റ് ഡ്രൈവ് ചെയ്ത 55 കിലോവാട്ട് മോഡൽ ഇക്കോ മോഡിൽ ഏകദേശം 400 കി.മീ നൽകി. ഏറ്റവും മോശം അവസ്ഥകളിലും സ്പോർട്ടി മോഡ് ഡ്രൈവിങ്ങിലും 360 കി.മീ പ്രതീക്ഷിക്കാം. റേഞ്ചിനെക്കുറിച്ചോർത്ത് ആശങ്കയ്ക്കു വകയില്ല


ഇലക്ട്രിക്കുകൾ ഓടിച്ചവർക്കറിയാം ആ കുതിപ്പും ചടുലതയും. ഇക്കാര്യങ്ങളൊക്കെ ടാറ്റ ഇലക്ട്രിക്കുകളിൽ ഒരു പൊടിക്കു കൂടുതലാണെങ്കിൽ കുതിപ്പിന്റെ കാര്യത്തിൽ കർവ് കാതങ്ങൾ മുന്നിലാണ്. മധ്യനിര കാറിന് 167 ബി എച്ച് പി എന്നത് കുറവാണോ? കുതിച്ചു പായും. ടാറ്റയുടെ കണക്കനുസരിച്ച് പൂജ്യത്തിൽ നിന്നു നൂറിലെത്താൻ 8.6 സെക്കൻഡ് മതി. സ്പോർട്ട്, സിറ്റി, ഇക്കോ മോഡുകളിലെല്ലാം ആവശ്യത്തിലധികം ശക്തി. 3 ലെവൽ റീ ജെൻ സംവിധാനം ബ്രേക്കിങ് ഒഴിവാക്കുന്നു. പാഡിൽ ഷിഫ്റ്റ് റീജെൻ ശീലമായാൽ ആക്സിലറേറ്ററും സ്റ്റീയറിങ്ങും മാത്രം നിയന്ത്രിച്ച് ബഹുദൂരം മുന്നേറാം. ആയാസം കുറവ്. ക്ഷീണവും കുറയും കാരണം ഇലക്ട്രിക്കുകൾക്ക് ശബ്ദവും വിറയലും ഇല്ലല്ലോ. (നിശ്ശബ്ദത വഴിയാത്രക്കാർക്ക് അപകടമാകുമെന്നതിനാൽ 20 കി.മീ വേഗം വരെ വാഹനം പെട്രോൾ കാറിനു സമാനമായി ചെറിയൊരു ശബ്ദമുണ്ടാക്കും). സസ്പെൻഷൻ സംവിധാനം മികവുറ്റത്. ഹാൻഡ്ലിങ്ങും യാത്രാസുഖവുംകുറവില്ല. ലെവൽ ടു അഡാസ് സിസ്റ്റം സ്വയം ഡ്രൈവിങ്ങിലൂടെ കുറെ തലവേദനകൾ ഏറ്റെടുക്കും.


ചാർജിങ് തലവേദനയല്ല


70 കിലോവാട്ട് ചാർജറുകളിൽ പ്രവർത്തിക്കുന്നതിനാൽ 40 മിനുറ്റുകൊണ്ട് ഡി സി ഫാസ്റ്റ് ചാർജറിൽ നിന്നു 80 ശതമാനം ചാർജിലെത്തും. വാഹനത്തിനൊപ്പമെത്തുന്ന 7.2 കിലോ വാട്ട് എ സി ചാർജർ പൂജ്യത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് 8 മണിക്കൂറിൽ ചാർജാകും.

ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്,  അക്കംപ്ലിഷ്ഡ് പ്ലസ് എസ്, എംപവേഡ് പ്ലസ്, എംപവേഡ് പ്ലസ് എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. 45 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിൽ ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്,  അക്കംപ്ലിഷ്ഡ് പ്ലസ് എസ് എന്നീ വേരിയന്റുകൾ‌. ക്രിയേറ്റീവിന് 17.49 ലക്ഷം രൂപയും അക്കംപ്ലിഷ്ഡിന് 18.49 ലക്ഷം രൂപയും  അക്കംപ്ലിഷ്ഡ് പ്ലസ് എസിന് 19.29 ലക്ഷം രൂപയും. 55 കിലോവാട്ട് മോഡലിന് അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ്, എംപവേഡ് പ്ലസ്, എംപവേഡ് പ്ലസ് എ എന്നീ മോഡലുകൾ. അക്കംപ്ലിഷ്ഡിന് 19.25 ലക്ഷം രൂപയും, അക്കംപ്ലിഷ്ഡ് പ്ലസ് എസിന് 19.99 ലക്ഷം രൂപയും എംപവേഡ് പ്ലസിന് 21.25 ലക്ഷം രൂപയും ഉയർന്ന മോ‍ഡലായ എംപവേഡ് പ്ലസ് എയ്ക്ക് 21.99 ലക്ഷം രൂപയുമാണ് വില. 



Join