കാഴ്ച്ചശക്തി സംരക്ഷിക്കും ചർമത്തെ ചെറുപ്പമാക്കും ഫാഷൻ ഫ്രൂട്ട് ഗുണങ്ങളെ പോലെ ചിലർക്ക് ദോഷങ്ങളുമുണ്ട് ആരൊക്കെയാണ് കഴിക്കാൻ പാടില്ലാത്തത്

 


പാസിഫ്ലോറ എഡുലിസ് എന്നറിയപ്പെടുന്ന പാഷൻ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫലമാണ്. തെക്കേ അമേരിക്കയാണ് ഇതിന്റെ സ്വദേശമെങ്കിലും കേരളത്തിൽ ഏറെ സുലഭമായ ഒരു പഴമാണിത്. പല നിറങ്ങളിലും രൂപത്തിലും ഇതു കാണാറുണ്ട്. പർപ്പിൾ, മഞ്ഞ എന്നിവയാണ് ഏറ്റവും അറിയപ്പെടുന്ന ഇനങ്ങൾ. ഈ പഴത്തിന്റെ 76% ജലാംശം ആണ്. ഇതിൽ അവശ്യ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.ഗുണമേന്മയിൽ ഒന്നാമത്

നാരുകളാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. 100 ഗ്രാം ഫ്രൂട്ടിൽ 10.4 ഗ്രാം നാരുകൾ ഉണ്ട്. ഇതു ദഹനത്തിനു സഹായിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. മലബന്ധം ഒഴിവാക്കുന്നു. കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും കോശ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതും ആന്റി ഫംഗൽ ഗുണങ്ങളുള്ളതുമായ ഒരു ഡൈമെറിക് പ്രോട്ടീൻ പാഷൻ ഫ്രൂട്ടിലുണ്ട്. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാൽ ഇതു പ്രമേഹരോഗികൾക്കും ഉപയോഗിക്കാം

വൈറ്റമിൻ സി,  വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണിത്. രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നു എന്നതാണു മറ്റൊരു സവിശേഷത. പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളമായിട്ടുണ്ട്. അതു മാനസിക സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു. പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നതു വൈറ്റമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അങ്ങനെ അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു എന്നു പറയാം. ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും സഹായിക്കുന്നു.

കരുതലോടെ കഴിക്കാം

ചില വ്യക്തികൾക്ക് പാഷൻ ഫ്രൂട്ട് അലർജി ഉണ്ടാക്കാം (ലാറ്റക്സ് അലർജി ഉള്ളവർക്ക്). ഇതിൽ ധാരാളമായി ഓക്സലേറ്ററുകൾ ഉണ്ട്. ഇത് വൃക്ക രോഗസാധ്യതയുള്ളവരിൽ വൃക്കയിൽ കല്ലുണ്ടാകാനിടയാക്കാം. പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്. ഇതിൽ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.

Join