എക്സ് എൽ 6: മാരുതി സുസുക്കിയുടെ വാഹനങ്ങളിൽ മൈലേജിന്റെ കാര്യത്തിൽ പത്താം സ്ഥാനത്ത് എത്തിയത് ഒരു എം പി വിയാണ്. ഒരു ലീറ്റർ പെട്രോളിൽ 20.97 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന എക്സ് എൽ 6. മുടക്കുന്ന മുതലിനു മുഴുവൻ മൂല്യവും എന്നതിനെ അർത്ഥവത്താക്കുന്ന ഈ വാഹനം മാരുതിയുടെ തന്നെ എർട്ടിഗ എം പി വി യുടെ പ്രീമിയം പതിപ്പാണ്. എന്നാൽ എർട്ടിഗയെ അപേക്ഷിച്ച് മൈലേജിൽ ഏറെ മുമ്പിലാണ് എക്സ് എൽ 6. 11.61 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വിലയാരംഭിക്കുന്നത്.
ഗ്രാൻഡ് വിറ്റാര: ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയമുള്ള എസ് യു വി കളിൽ ഒന്നായ ഗ്രാൻഡ് വിറ്റാരയാണ് മൈലേജിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്തുള്ളത്. ലീറ്ററിനു 21.11 കിലോമീറ്ററാണ് ഈ വാഹനത്തിനു കമ്പനി അവകാശപ്പെടുന്ന മൈലേജ്. എന്നാൽ ഹൈബ്രിഡ് വേരിയന്റിലേക്കു വരുമ്പോൾ കഥ മാറും. 27 കിലോമീറ്റർ വരെയാണ് മൈലേജ്. 10.99 ലക്ഷം രൂപ മുതലാണ് വില.
ഫ്രോങ്സ് : ഈ പട്ടികയിൽ എട്ടാം സ്ഥാനത്തു ഫ്രോങ്സ് ആണ്. ലീറ്ററിനു 21.8 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ മൈലേജ്. 7.51 ലക്ഷം രൂപയാണ് ബേസിക് മോഡലിന് വില. ബലേനോയെ അടിസ്ഥാനമാക്കിയിട്ടുള്ള ഈ ക്രോസ് ഓവർ എസ് യു വി വാഹന വിപണിയിലും താരമാണ്. ഏറ്റവും വേഗത്തിൽ രണ്ടു ലക്ഷം യൂണിറ്റ് വില്പന നടത്തി എന്ന സവിശേഷതയുമുണ്ട് ഫ്രോങ്സിന്. ബൂസ്റ്റർ ജെറ്റ് ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ.
ഡിസയർ: മാരുതിയുടെ അഭിമാനം വാനോളം ഉയർത്തുന്ന വാഹനങ്ങളിൽ ഒന്നാണ് ഡിസയർ. മൈലേജിന്റെ കാര്യത്തിൽ ഏഴാം സ്ഥാനത്തു എത്തിയിരിക്കുന്നത് ഈ സെഡാനാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡിസയറിന്റെ പുതു തലമുറ വിപണിയിൽ ഇറങ്ങാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേയുള്ളൂ. നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മൂന്നാം തലമുറ ഡിസയറിന്റെ കമ്പനി അവകാശപ്പെടുന്ന മൈലേജ് 22.61 കിലോമീറ്റർ ആണ്. 6.56 ലക്ഷം രൂപ മുതൽ ഈ സെഡാൻ ലഭ്യമാണ്.
ബലേനോ: പ്രീമിയം ഹാച്ബാക്ക് സെഗ്മെന്റിൽ മാരുതിയുടെ ബലേനോ ആണ് ഈ പട്ടികയിൽ ആറാം സ്ഥാനത്തു എത്തിയിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിൽ 22.94 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ ഈ വാഹനത്തിനു കഴിയും. 6.66 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വിലയാരംഭിക്കുന്നത്.
ആൾട്ടോ കെ 10: ഇന്ത്യയിലെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വാങ്ങാൻ കഴിയുന്ന കാർ എന്ന ലേബലിൽ മാരുതി പുറത്തിറക്കിയ വാഹനമാണ് ആൾട്ടോ കെ10. വിലയിലെ കുറവും ഉയർന്ന മൈലേജും മാരുതിയുടെ ഈ ചെറുകാറിനെ ജനപ്രിയമാക്കിയെന്നു പറയേണ്ടതില്ലല്ലോ. ലീറ്ററിനു 24.9 കിലോമീറ്റർ വരെ ലഭിക്കുന്നതാണ് ഇന്ധന ക്ഷമത. 3.99 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്.
വാഗൺ ആർ: മാരുതിയുടെ ഈ ടോൾബോയ് ഹാച്ച്ബാക്ക് ഇന്ത്യക്കാരുടെ ഏറെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ്. മൈലേജിന്റെ കാര്യത്തിൽ മാരുതിയുടെ കാറുകളിൽ നാലാം സ്ഥാനം കയ്യാളുന്നത് വാഗൺ ആർ ആണ്. ഇന്ധനക്ഷമതയിലേക്ക് വരുമ്പോ ഒരു ലീറ്റർ പെട്രോളിൽ 24.19 കിലോമീറ്റർ വരെ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 5.55 രൂപയിലാണ് വാഗൺ ആറിന്റെ വിലയാരംഭിക്കുന്നത്.
എസ്പ്രെസോ: മൈലേജിലും നൽകുന്ന സൗകര്യങ്ങളിലും ഒരു പടി മുന്നിൽ നിൽക്കുന്ന മാരുതിയുടെ വാഹനമാണ് എസ്പ്രെസോ. വിലയുടെ കാര്യത്തിലും ഒരു ശരാശരി ഇന്ത്യക്കാരന്റെ പോക്കറ്റിൽ ഒതുങ്ങും. 4.27 ലക്ഷം രൂപയിൽ വിലയാരംഭിക്കുന്ന എസ്പ്രെസോയുടെ ഇന്ധന ക്ഷമത 25.30 കിലോമീറ്ററാണ്.
സ്വിഫ്റ്റ്: ഇന്ത്യക്കാരുടെ നിത്യഹരിത നായകനായ സ്വിഫ്റ്റ് ആണ് മൈലേജിന്റെ കാര്യത്തിൽ ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരൻ. നാല് തലമുറ കഴിഞ്ഞപ്പോൾ മൈലേജും അതിനു അനുസരിച്ചു മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് മാരുതിയുടെ അവകാശവാദം. 1.2 ലീറ്റർ z സീരീസ് 3 സിലിണ്ടർ എൻജിന് ഇപ്പോൾ 25.75 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഏറ്റവും പുതിയ സ്വിഫ്റ്റിന്റെ ഏറ്റവും കുറഞ്ഞ വേരിയന്റിന് 6.49 ലക്ഷം രൂപയാണ് വില.
സെലേറിയോ: മൈലേജ് നോക്കി ഒരു വാഹനം വാങ്ങണമെന്നുള്ളവർക്കു മടിക്കാതെ തിരഞ്ഞെടുക്കാം മാരുതിയുടെ സെലേറിയോ. ഇന്ത്യൻ വാഹന വിപണിയിലെത്തുന്ന കാറുകളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന സെലേറിയോയ്ക്ക് 26.68 കിലോമീറ്റർ വരെ ഒരു ലീറ്റർ പെട്രോളിൽ നിന്നും ലഭിക്കും. സി എൻ ജി പതിപ്പിലേക്കു വരുമ്പോൾ ഇന്ധനക്ഷമത മുപ്പതു കിലോമീറ്ററിന് മുകളിലാകും. 5.36 ലക്ഷം രൂപയിൽ നിന്നുമാണ് ഈ വാഹനത്തിന്റെ വിലയാരംഭിക്കുന്നത്