ചോളം പോഷകഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും മെച്ചപ്പെട്ട ദഹനത്തിനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ചോളം സഹായിക്കും. എന്നാൽ ചോളം കാൻസറിനു കാരണമാകും എന്ന് പലരും ആശങ്കപ്പെടുന്നു.
സുന്ദർലാൻഡ് സർവകലാശാലയിലെ അധ്യാപകനും സർജനുമായ ഡോ. കരൺ രഞ്ജൻ ഇത് നിഷേധിക്കുന്നു. ചോളത്തിൽ കാണപ്പെടുന്ന അഫ്ലാടോക്സിനുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണ മൂലമാണ് ഇങ്ങനെ പറയുന്നത്.
ചോളത്തിൽ കുറഞ്ഞത് 25 തരം അഫ്ലാടോക്സിനുകൾ ഉണ്ട്. കേടു വന്ന വിളകളിൽ കാണപ്പെടുന്ന വിഷാംശമുള്ള വസ്തുക്കളാണിവ. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ദീർഘകാലം തുടർച്ചയായി പതിവായി ചോളം കഴിക്കുന്നത് ദോഷകരമാണ്
അസ്പെർഗിലസ് വര്‍ഗം ഉൽപാദിപ്പിക്കുന്ന വസ്തുക്കളാണ് അഫ്ലോടോക്സിനുകൾ, ചോളം, പരുത്തി വിത്ത്, നട്സ് തുടങ്ങിയ വിളകളിൽ പ്രധാനമായും ചൂടും ഈർപ്പവും അടങ്ങിയ അന്തരീക്ഷത്തിലാണ് ഇവ കാണപ്പെടുന്നത്. അഫ്ലോടോക്സിൻ ഉൽപാദിപ്പിക്കുന്ന ഫംഗസ്, വിളകളെ ഓരോ ഘട്ടത്തിലും നശിപ്പിക്കുന്നു.
ഒരു ദിവസം ആളുകൾ കഴിക്കുന്ന കോണിന്റെ അളവ് നോക്കിയാൽ കാർസിനോജനുകൾ ഫലപ്രദമാകില്ല. ഒരു കിലോ കോണിൽ 1 മുതൽ 5 വരെ മൈക്രോഗ്രാം അളവിൽ മാത്രമാണ് അഫ്ലാടോക്സിൻ അടങ്ങിയിട്ടുള്ളത്. ദിവസം 4 മുതൽ 20 കിലോ ചോളം വരെ കഴിച്ചാൽ മാത്രമേ ശരീരത്തിന് അപകടകരമായ അളവിൽ അഫ്ലാടോക്സിൻ ശരീരത്തിലെത്തുകയുള്ളൂ. അതായത് ചോളം മിതമായ അളവിൽ കഴിക്കുന്നത് കാൻസറിനു കാരണമാകില്ല
ആന്റി ഓക്സിഡന്റുകൾ
ചോളത്തിൽ ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. ഇവ കണ്ണുകൾക്ക് സംരക്ഷണമേകും. നേത്രരോഗങ്ങൾക്കും ഇൻഫ്ലമേഷനും ഉള്ള സാധ്യത കുറയ്ക്കുകയും അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും
ആരോഗ്യഗുണങ്ങൾ
നാരുകൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ ഇവ ധാരാളം അടങ്ങിയ ചോളം ഉദരാരോഗ്യം മെച്ചപ്പെടുത്തും. മലബന്ധം ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങളെ അകറ്റുകയും ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യും.
പൊട്ടാസ്യവും കരോട്ടിനോയ്ഡും ധാരാളം അടങ്ങിയ ചോളം രക്തസമ്മർദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൊളസ്ട്രോൾ നിലയും നിയന്ത്രിക്കാൻ ഇത് സഹായിക്കും. സ്റ്റാർച്ചിനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നത് സാവധാനത്തിലാക്കുക വഴി ചോളത്തിലടങ്ങിയ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.