കണ്ണൂർക്കാരുടെ പ്രിയപ്പെട്ട പലഹാരമാണ് കൽമാസ്. നോമ്പുതുറയ്ക്കും സൽക്കാരങ്ങൾക്കും എല്ലാം വളരെ എളുപ്പത്തിൽ തയാറാക്കാം. കൊഴുക്കട്ട തയാറാക്കുന്നത് പോലെയാണ് കൽമാസ് തയാറാക്കുന്നത്. ചിക്കൻ, മുട്ട, ബീഫ്, ചെമ്മീൻ ഇവയിൽ ഏതു വെച്ചും കൽമാസ് തയാറാക്കാം.
ചേരുവകൾ
പച്ചരി - ഒരു കപ്പ്
വെള്ളം - ഒന്നേകാൽ കപ്പ്
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് - കാൽ കപ്പ്
ചെറിയ ഉള്ളി - 6 അല്ലി
പെരുംജീരകം - അര ടീസ്പൂൺ
മൈദ - രണ്ട് ടേബിൾ സ്പൂൺ
ചിക്കൻ - 400 ഗ്രാം
സവാള - 2 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒരു ടേബിൾസ്പൂൺ
കറിവേപ്പില - ഒരു തണ്ട്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - ഒരു ടീസ്പൂൺ
ഗരംമസാലപ്പൊടി - അര ടീസ്പൂൺ
മല്ലിയില - ഒരു പിടി
വെളിച്ചെണ്ണ - 2 + 2 ടേബിൾസ്പൂൺ
മുളകുപൊടി - ഒരു ടേബിൾസ്പൂൺ
അരിപ്പൊടി - ഒരു ടേബിൾസ്പൂൺ
ഗരംമസാലപ്പൊടി - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം അരക്കപ്പ് വെള്ളം ചേർത്ത് മഷി പോലെ അരച്ചെടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കുക. മൊത്തത്തിൽ ഒന്നേകാൽ കപ്പ് വെള്ളം വേണം.
പച്ചരി അരച്ചത് ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് അൽപം നെയ്യും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ തീയിൽ കുറുകി കട്ടിയാവുന്നത് വരെ ഇളക്കുക.
തേങ്ങ, ചുവന്നുള്ളി, പെരും ജീരകം എന്നിവ ചേർത്ത് ചതച്ചെടുക്കുക. അരി കുറുക്കിയത്തിൽ ചതച്ച തേങ്ങയും, മൈദയും ചേർത്ത് നന്നായി കട്ടിയിൽ കുഴച്ചെടുക്കുക.
ചിക്കൻ, അല്പം മഞ്ഞൾപ്പൊടിയും ഉപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ രണ്ടു വിസിൽ വരുന്നതുവരെ വേവിക്കുക. തണുത്തു കഴിയുമ്പോൾ ചിക്കനിലെ എല്ല് മാറ്റി മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക.
മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റുക. ഉള്ളി നന്നായി വഴന്നു കഴിയുമ്പോൾ മസാല പൊടികൾ ചേർക്കുക.
പൊടികളുടെ പച്ചമണം മാറുമ്പോൾ ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഡ്രൈ ആവുന്നത് വരെ വഴറ്റുക. തീ ഓഫ് ചെയ്ത് അല്പം മല്ലിയില വിതറി മാറ്റിവയ്ക്കുക.
തയാറാക്കി വച്ച മാവിൽനിന്നും നാരങ്ങാ വലിപ്പത്തിലുള്ള ഉരുളയെടുത്ത് കൈയിൽ വച്ച് പരത്തി ഒരു സ്പൂൺ മസാല വച്ച് ഉന്നക്കായ ഷേയ്പ്പിൽ ഉരുട്ടിയെടുക്കുക.
മുഴുവൻ മാവും ഇങ്ങനെ തയാറാക്കിയതിനുശേഷം 20 മിനിട്ട് ചെറിയ തീയിൽ ആവിയിൽ വേവിച്ച് എടുക്കുക.
ഒരു പരന്ന പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല ഇവ ഇഡ്ഡലി മാവിന്റെ അയവിൽ കലക്കിയെടുക്കുക. തയാറാക്കിയ കൽമാസ് ഇതിൽ റോൾ ചെയ്തെടുക്കുക.
ഒരു ഫ്രൈയിങ് പാനിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയോ, നെയ്യോ ചൂടാക്കി മസാല പുരട്ടിയ കൽമാസ് നിരത്തി എല്ലാ വശവും മൊരിച്ചെടുക്കുക.